സൈനേജ് മാലിന്യങ്ങളുടെ പുനരുപയോഗത്തിന് നഗരസഭയുടെ പുതിയ ചുവടുവെപ്പ്
November 3, 2026
സൈനേജ് മാലിന്യങ്ങളുടെ പുനരുപയോഗത്തിന് നഗരസഭയുടെ പുതിയ ചുവടുവെപ്പ്
തിരുവനന്തപുരം: നമ്മുടെ അനന്തപുരിയെ കൂടുതൽ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കാലാവധി കഴിഞ്ഞ പരസ്യ ഫ്ലെക്സുകളും സൈനേജ് ബോർഡുകളും ശാസ്ത്രീയമായി ശേഖരിച്ച് പുനരുപയോഗിക്കുന്നതിനായി പുതിയ സംരംഭത്തിന് തുടക്കമായി.
സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ (SPIA), ഗ്രീൻ വേംസ് (Green Worms), തിരുവനന്തപുരം നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘സൈനേജ് മീഡിയ റീസൈക്കിൾ മാലിന്യശേഖരണ’ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം നഗരസഭാ വളപ്പിൽ വെച്ച് നിർവഹിച്ചു.
ഉപയോഗശേഷം ഉപേക്ഷിക്കുന്ന പരസ്യ ഫ്ലെക്സുകളും സൈനേജ് ബോർഡുകളും അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി ശേഖരിച്ച് പുനരുപയോഗം സാധ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഇത്തരം സംരംഭങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ചടങ്ങിൽ വിലയിരുത്തി.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണവും ഉത്തരവാദിത്തപരമായ മാലിന്യ സംസ്കരണവും അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. എം. ആർ. ഗോപൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കരമന അജിത്, SPIA ഭാരവാഹികൾ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
മാലിന്യ സംസ്കരണത്തിൽ സുസ്ഥിരമായ മാതൃകകൾ സൃഷ്ടിച്ച് പരിസ്ഥിതി സൗഹൃദ നഗരമായി അനന്തപുരിയെ മാറ്റുന്നതിനുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ഈ സംരംഭം കൂടുതൽ കരുത്തേകും.