തിരുവനന്തപുരം നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഫിൻലൻഡ് കോൺസൽ ജനറൽ തിരുവനന്തപുരം കോർപ്പറേഷൻ സന്ദർശിച്ചു.

November 16, 2026

 വികസന സാധ്യതകൾ ചർച്ചയായി; ഫിൻലൻഡ് കോൺസൽ ജനറൽ പെട്ര തെമാൻ തിരുവനന്തപുരം കോർപ്പറേഷൻ സന്ദർശിച്ചു

തിരുവനന്തപുരം: വിവരസാങ്കേതിക വിദ്യ (ഐ.ടി), വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണ സാധ്യതകൾ തേടി ഫിൻലൻഡ് കോൺസൽ ജനറൽ ശ്രീമതി പെട്ര തെമാൻ (Mrs. Petra Theman) തിരുവനന്തപുരം നഗരസഭ സന്ദർശിച്ചു. നഗരസഭയിലെത്തിയ അവർ ബഹു. മേയർ ശ്രീ. അഡ്വ. വി.വി. രാജേഷുമായും മറ്റ് ജനപ്രതിനിധികളുമായും ഔദ്യോഗിക കൂടിക്കാഴ്ചയും ആശയവിനിമയവും നടത്തി.

ഐ.ടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഫിൻലൻഡ് കൈവരിച്ചിട്ടുള്ള നേട്ടങ്ങളെക്കുറിച്ചും, അവിടെ നടപ്പിലാക്കി വരുന്ന നൂതന പദ്ധതികളെക്കുറിച്ചും പ്രധാന ശ്രദ്ധാകേന്ദ്രങ്ങളെക്കുറിച്ചും കോൺസൽ ജനറൽ വിശദീകരിച്ചു. ഫിൻലൻഡിലെ റേസ്ബോർഗ്  നഗരത്തിന്റെ മുൻ മേയർ കൂടിയായ പെട്ര തെമാൻ, തിരുവനന്തപുരം നഗരസഭയുടെ ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ മേഖലകളിലെ പങ്കാളിത്ത സാധ്യതകളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

ആഗോള നിലവാരത്തിലുള്ള മികച്ച വികസന മാതൃകകൾ തലസ്ഥാന നഗരിയിലും പ്രാവർത്തികമാക്കുന്നതിനുള്ള ക്രിയാത്മകമായ ചർച്ചകൾക്കാണ് ഈ കൂടിക്കാഴ്ച വേദിയായത്. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് സമ്മേളനമായ 'ഹഡിൽ ഗ്ലോബൽ 2026'-ൽ പങ്കെടുക്കാനെത്തിയതായിരുന്നു ഫിൻലൻഡ് കോൺസൽ ജനറൽ.

ഫിൻലൻഡ് കോൺസൽ ജനറൽ തിരുവനന്തപുരം കോർപ്പറേഷൻ സന്ദർശിച്ചു.